Monday 2 August 2010

ചെങ്ങറഭൂസമരം - മൂന്നാം വാര്‍ഷിക സംഗമം

ഡോ:ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.Add caption
           ഭൂസമരങ്ങളുടെ ചരിത്രത്തില്‍ ഇതിഹാസമായി മാറിയ ചെങ്ങറ സമരം ആരംഭിച്ചിട്ട്  മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു.
സാധുജന വിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിക്കു സമീപം ചെങ്ങറ
എസ്റ്റേറ്റില്‍ 2007 ആഗസ്റ്റ് നാലിനാണ് സമരം ആരംഭിച്ചത്. തുടക്കം മുതല്‍ എല്ലാ തരത്തിലുമുള്ള ഭീഷണികളേയും അക്രമണങ്ങളേയും അതിജീവിച്ചാണ് സമരം മുന്നേറിയത്. സമരത്തെ അധിക്ഷേപിച്ചും സമരനേതാവ് ളാഹ ഗോപാലനെ കള്ളകേസ്സില്‍ കുടുക്കി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചും ഭരണ കക്ഷിക്കാര്‍, കേരളത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന
ഹാരിസണ്‍ കമ്പനിക്കുവേണ്ടി നിലകൊണ്ടു. സമരക്കാര്‍ക്ക് ഒരു സെന്റു ഭൂമിപോലും നല്‍കില്ലന്നു പ്രഖ്യാപിച്ചു. പോലീസിനെയും ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചിറക്കാന്‍ ശ്രമിച്ചു. "ഒന്നികില്‍ ഞങ്ങള്‍ക്കു ഭൂമിതരൂ, അല്ലങ്കില്‍ ഞങ്ങളെ വെടിവെച്ചു കൊല്ലൂ" എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് അചഞ്ചലം മുന്നേറിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ അവസാനം സര്‍ക്കാര്‍ തയ്യാറായി.
                  ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഒരേക്കറും, പട്ടിക ജാതിക്കാര്‍ക്ക് 50 സെന്റും, മറ്റുള്ളവര്‍ക്ക് 25 സെന്റും എല്ലാവര്‍ക്കും വീടും മൂന്നു മാസത്തിനുള്ളില്‍ നല്‍കുമെന്ന് 2009 ഒക്റ്റോബര്‍ 5-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 9-മാസം പിന്നിട്ടിട്ടും ഒരാള്‍ക്ക് പോലും ഭൂമി നല്‍കാതെ വഞ്ചനയുടെ ചരിത്രം ആവര്‍ത്തിച്ചു. ചെങ്ങറക്കാര്‍ക്ക് 9 ജില്ലകളില്‍ കണ്ടെത്തി എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി സമരസമിതി നേതാക്കള്‍ സന്ദര്‍ശിച്ചു. കൃഷിയോഗ്യവും വാസയോഗ്യവുമല്ലാത്ത പാറക്കെട്ടുകളാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
                  പ്രകൃതി ദുരന്തങ്ങളോടു മല്ലിട്ട്, പ്ലാസ്റ്റിക് കൂടിനുള്ളില്‍ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ജനനവും മരണവുമെല്ലാം ഏറ്റുവാങ്ങി കഴിയുന്ന ചെങ്ങറ സമരക്കാര്‍  കേരളത്തിലെ ഭരണക്കാരോടു ചോദിക്കുന്നത്, എന്തുകൊണ്ടു രണ്ടുതരം നീതി എന്നാണ്. പതിനായിര കണക്ക് ഏക്കര്‍  സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഹാരിസണും, ടാറ്റയുമൊക്കെ കൈവശം വെക്കുകയും മറിച്ചുവില്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍, കൃഷിചെയ്ത് ജീവിക്കുവാന്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഭൂമിനല്‍കുന്നില്ല?
                   ര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സമരക്കാര്‍ നിരാശരാകാതെ ചെങ്ങറയില്‍ വ്യാപകമായി വാഴയും, കപ്പയും, പച്ചക്കറികളുമൊക്കെ കൃഷിചെയ്ത് ജീവിക്കയാണ്. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ മനുഷ്യ സ്നേഹികളൂടേയും പിന്തുണയാര്‍ജിച്ചുകൊണ്ട് മുന്നേറിയ സമരം ഇന്ന് പുതിയൊരു ഘട്ടത്തിലേക്കു കടന്നിരിക്കുന്നു.
             കലാപരിപാടികള്‍ അവതരിപ്പിക്കുന്നത് സമരക്കാര്‍.