Monday 2 August 2010

ചെങ്ങറഭൂസമരം - മൂന്നാം വാര്‍ഷിക സംഗമം

ഡോ:ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.Add caption
           ഭൂസമരങ്ങളുടെ ചരിത്രത്തില്‍ ഇതിഹാസമായി മാറിയ ചെങ്ങറ സമരം ആരംഭിച്ചിട്ട്  മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു.
സാധുജന വിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിക്കു സമീപം ചെങ്ങറ
എസ്റ്റേറ്റില്‍ 2007 ആഗസ്റ്റ് നാലിനാണ് സമരം ആരംഭിച്ചത്. തുടക്കം മുതല്‍ എല്ലാ തരത്തിലുമുള്ള ഭീഷണികളേയും അക്രമണങ്ങളേയും അതിജീവിച്ചാണ് സമരം മുന്നേറിയത്. സമരത്തെ അധിക്ഷേപിച്ചും സമരനേതാവ് ളാഹ ഗോപാലനെ കള്ളകേസ്സില്‍ കുടുക്കി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചും ഭരണ കക്ഷിക്കാര്‍, കേരളത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന
ഹാരിസണ്‍ കമ്പനിക്കുവേണ്ടി നിലകൊണ്ടു. സമരക്കാര്‍ക്ക് ഒരു സെന്റു ഭൂമിപോലും നല്‍കില്ലന്നു പ്രഖ്യാപിച്ചു. പോലീസിനെയും ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചിറക്കാന്‍ ശ്രമിച്ചു. "ഒന്നികില്‍ ഞങ്ങള്‍ക്കു ഭൂമിതരൂ, അല്ലങ്കില്‍ ഞങ്ങളെ വെടിവെച്ചു കൊല്ലൂ" എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് അചഞ്ചലം മുന്നേറിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ അവസാനം സര്‍ക്കാര്‍ തയ്യാറായി.
                  ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഒരേക്കറും, പട്ടിക ജാതിക്കാര്‍ക്ക് 50 സെന്റും, മറ്റുള്ളവര്‍ക്ക് 25 സെന്റും എല്ലാവര്‍ക്കും വീടും മൂന്നു മാസത്തിനുള്ളില്‍ നല്‍കുമെന്ന് 2009 ഒക്റ്റോബര്‍ 5-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 9-മാസം പിന്നിട്ടിട്ടും ഒരാള്‍ക്ക് പോലും ഭൂമി നല്‍കാതെ വഞ്ചനയുടെ ചരിത്രം ആവര്‍ത്തിച്ചു. ചെങ്ങറക്കാര്‍ക്ക് 9 ജില്ലകളില്‍ കണ്ടെത്തി എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി സമരസമിതി നേതാക്കള്‍ സന്ദര്‍ശിച്ചു. കൃഷിയോഗ്യവും വാസയോഗ്യവുമല്ലാത്ത പാറക്കെട്ടുകളാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
                  പ്രകൃതി ദുരന്തങ്ങളോടു മല്ലിട്ട്, പ്ലാസ്റ്റിക് കൂടിനുള്ളില്‍ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ജനനവും മരണവുമെല്ലാം ഏറ്റുവാങ്ങി കഴിയുന്ന ചെങ്ങറ സമരക്കാര്‍  കേരളത്തിലെ ഭരണക്കാരോടു ചോദിക്കുന്നത്, എന്തുകൊണ്ടു രണ്ടുതരം നീതി എന്നാണ്. പതിനായിര കണക്ക് ഏക്കര്‍  സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഹാരിസണും, ടാറ്റയുമൊക്കെ കൈവശം വെക്കുകയും മറിച്ചുവില്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍, കൃഷിചെയ്ത് ജീവിക്കുവാന്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഭൂമിനല്‍കുന്നില്ല?
                   ര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സമരക്കാര്‍ നിരാശരാകാതെ ചെങ്ങറയില്‍ വ്യാപകമായി വാഴയും, കപ്പയും, പച്ചക്കറികളുമൊക്കെ കൃഷിചെയ്ത് ജീവിക്കയാണ്. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ മനുഷ്യ സ്നേഹികളൂടേയും പിന്തുണയാര്‍ജിച്ചുകൊണ്ട് മുന്നേറിയ സമരം ഇന്ന് പുതിയൊരു ഘട്ടത്തിലേക്കു കടന്നിരിക്കുന്നു.
             കലാപരിപാടികള്‍ അവതരിപ്പിക്കുന്നത് സമരക്കാര്‍.

Tuesday 9 February 2010

ഹാരിസണെ തൊടാന്‍‌ സര്‍‌ക്കാരിന് പേടിയോ?

ഹാരിസണെ തൊടാന്‍‌ സര്‍‌ക്കാരിന് പേടിയോ?
(കേരളശബ്ദം വാരികയില്‍‌ ചെറുകര സണ്ണിലൂക്കോസ്-എഴുതിയ ലേഖനം.പ്രസ്ക്ത ഭാഗങ്ങള്‍‌)
    ഭൂരഹിതരായ ആദിവാസികളും,ദലിതരും,പിന്നോക്കക്കാരുമടക്കം പതിനായിരക്കണക്കിന് നിര്‍ദ്ധനരായ ആളുകള്‍‌ ഒരു സെന്റ്‌ ഭൂമിയ്ക്കുവേണ്ടി എത് സമരത്തിനും ത്യാഗത്തിനും
സന്നദ്ധമായികൊണ്ടിരിക്കുന്ന കേരളത്തില്‍‌ ഹാരിസണ്‍‌ മലയാളം പ്ലാന്റേഷന്‍‌ എന്നകുത്തക കമ്പനി അനര്‍‌ഹമായി കൈവ്ശം വെച്ചിരിക്കുന്നത് ‘76769.80’ എക്കര്‍‌.ഭൂപരിഷ്കരണം വന്നിട്ടു 44 വര്‍‌ഷങ്ങള്‍‌ പിന്നിട്ടിട്ടും മിച്ചഭൂമിപോലും ഇവരില്‍‌ നിന്നും പിടിച്ചെടുക്കാന്‍‌ ഒരു സര്‍‌ക്കാരും തയ്യാറായില്ല.
       ഹാരിസണ്‍‌ മലയാളം പ്ലാന്റേഷന്റെ ചെങ്ങറ എസ്റ്റേറ്റില്‍‌ നിന്ന് ളാഹ ഗോപാലനേയുംകൂട്ടരേയും ഇറക്കിവിടാനാഗ്രഹിക്കുന്നവര്‍‌ക്കാര്‍‌ക്കും അനര്‍‌ഹമായിവച്ചിരിക്കുന്ന ഭൂമി എറ്റെടുക്കുന്നതില്‍- ഒരു താല്പര്യവുമില്ല.
      ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന 76769.80എക്കര്‍‌  ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചന്വേക്ഷിക്കാന്‍‌,സര്‍‌ക്കാര്‍-16-12-2005-ല്‍‌ ഉന്നതതലസമിതിക്ക് രൂപം നല്‍കി.27-09-2007-ല്‍‌ നിവേദിത.പി.ഹരന്റെ റിപോര്‍‌ട്ടും,ഹാരിസണ്‍ കമ്പനിയ്ക്ക് ഉടമസ്ഥവകാശം ഇല്ലന്നാ‍ണ്.ഭൂമിഏറ്റെടുക്കുന്നതിന്റെ നിയമവശം പരിശോധിക്കാന്‍‌ എല്‍‌.മനോഹരന്‍‌ കമ്മീഷനേയും,കമ്മീഷന്റെ റിപ്പോര്‍‌ട്ടനുസരിച്ച്  കമ്പനിയുടെ എല്ലാ തോട്ടങ്ങളിലും ‘റീസര്‍‌വേ’നടത്താന്‍‌ ഉത്തരവിട്ടു.
   കഴിഞ്ഞ വര്‍‌ഷം ഹൈകോടതിയില്‍‌ വന്ന ഒരു കേസ്സില്‍‌(wp(c)No5324/2009.കമ്പനിയുടെ പക്കലുള്ള എല്ലാസ്ഥലങ്ങളിലേയും മിച്ചഭൂമി 4മാസത്തിനുള്ളില്‍‌ തിട്ടപ്പെടുത്തണം എന്നുത്തരവിട്ടിരുന്നു.ലാന്‍‌ഡ്ബോര്‍‌ഡ് വിട്ടുവീഴ്ച ചെയ്ത ശേഷവും’8753’ഏക്കര്‍‌ മിച്ചഭൂമിയാണന്നു ഉത്തരവിട്ടിരുന്നു.ഈ ‘മിച്ചഭൂമി’യെങ്കിലും ഏറ്റെടുത്ത് ഭൂരെഹിതര്‍‌ക്ക് വിതരണം ചെയ്യുവാനുള്ള ഒരു നടപടിയും സര്‍‌ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.ഭൂമിയേറ്റെടുക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നുണ്ടങ്കിലും,കമ്പനിയുടെ കടുത്ത സമ്മര്‍‌ദ്ദത്തെ തുടര്‍‌ന്ന് ഇതിനുള്ള ഒരു നടപടിയും മുന്നോട്ടു നീങ്ങാത്ത സ്ഥിതിയാണ്.ഇതിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ട്.
       1964-ല്‍‌ കേരള ഭൂപരിഷകരണ നിയമം നടപ്പാക്കിയപ്പോള്‍-പാട്ടവ്യവസ്ഥ നിര്‍‌ത്തലാക്കുകയും15 ഏക്കറില്‍‌ കൂടുതലുള്ള തരിശുഭൂമികളും,തോട്ടങ്ങളല്ലാത്തഭൂമികളും സര്‍‌ക്കാരില്‍‌ നിക്ഷിപ്തമാണന്ന് നിയമമായി.1/1/1970-ല്‍‌ ലണ്ടന്‍‌ കമ്പിനി യായ് മലയാളം പ്ലാന്റേഷന്‍‌ കൈവശം86559 ഏക്കറുണ്ടായിരുന്നതില്‍‌26461-ഏക്കര്‍‌ഭൂമിയും ഒരു ക്രിഷിയുമില്ലാത്ത ഭൂമിയായിരുന്നു.നിയമാനുസരണം ഇത്രയും ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍‌ക്ക് വിതരണം ചേയ്യേണ്ടതായിരുന്നു.
   കേരളത്തിലെ സ്വകാര്യ തോട്ടമുടമകള്‍‌ ഏക്കറിന്2000 രൂപാവരെ പാട്ടം നല്‍കുമ്പോള്‍‌,ഈ കമ്പിനി 1970-മുതല്‍‌ ഒരു രൂപാപോലും നല്‍കിയിട്ടില്ല.ഈ ഇനത്തില്‍‌ 500-കോടിയോളം രൂപയെങ്കിലും ഖജനാവിനു നഷ്ടമായിട്ടുണ്ട്.മരം മുറിച്ചു വിറ്റവകയില്‍‌ എത്രകോടികള്‍‌.സീനിയറേജ് റേറ്റ് ഈടാക്കാതെയാണ്400-കോടിയുടെയെങ്കിലും തടിമുറിച്ച് വരുമാനമുണ്ടാക്കിയത്.
      കോട്ടയം ജില്ലയില്‍‌ കമ്പനി കൈവശം വെച്ചിരുന്ന മണിമല,എരുമേലി, വില്ലേജുകളിലെ 2263 ഏക്കര്‍‌ ഭൂമി  ബിലിവേഴ്സ് ചര്‍‌ച്ച് ബിഷപ്പ് കെ.പി.യോഹനാന്‍‌ 2-8-2005-ല്‍‌ എരുമേലി സബ് രജിസ്റ്റ്രാഫീസില്‍‌ ആധാരം നടത്തി വിലയ്ക്കു വാങ്ങി.ഈ ആധാരത്തിനു ഉടമസ്ഥതയോ,ജ്ന്മാവകാശമോ ഇല്ലന്നു കണ്ടെത്തി പോക്കുവരവ് റദ്ദാക്കിയിരിക്കയാണ്.ഇവിടുന്ന് സര്‍‌ക്കാരിനെ സ്വാധീനിച്ച് റബ്ബര്‍‌മരങ്ങള്‍‌ മുറിച്ചു മാറ്റാന്‍‌ കെ.പി.യോഹനാന്‍‌ ശ്രമം നടത്തിവരുകയാണ്.

Tuesday 4 August 2009

1975-ലെ ഭൂനിയമം നല്‍കിയതെന്ത്..? കെ.കെ.സുരേന്ദ്രന്‍.


ഒരു നിയമം വിലയിരുത്തുമ്പോള്‍ അതുകൊണ്ടുണ്ടായ നേട്ടം ഭൗതീകാര്‍ഥത്തില്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.ആ നിയമം, നൈതീകമായി ന്യായശസ്ത്രതലത്തില്‍ സമൂഹത്തിന്‌
എന്താണു നല്‍കുന്നത് ,ആത്യന്തികമായി മാനവിക മൂല്യവ്യവസ്ഥ്ക്ക് എന്തു സംഭാനയാണ്‌ നല്‍കുന്നത് എന്നതൊക്കെ പരമപ്രധാനമായ കാര്യങ്ങളാണ്‌.അങ്ങനെ നോക്കുമ്പോള്‍- 1975-ലെ
ഭൂനിയമം നല്‍ക്കിയ സംഭാവന മഹത്തരമാണന്നു പറയാം.കേരളത്തിലെ ആദിവാസികളുടെ ഭൂ ഉടമസ്ഥതക്കുള്ള അവകാശം സര്‍വ്വ് രാലും അംഗീകരിക്കപ്പെട്ടത് ഈ നിയമത്തിന്റെ മൂല്യവത്തായ്
ഒരു ഗുണഫലമാണ്‌.ആദിവാസികളുടെ ഭൂമി അവരുടെ ജീവിതത്തേയും സംസ്കാരത്തേയും,സം രക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിഭവമാണന്നുള്ള തിരിച്ചറിവുണ്ടായി.കച്ചവടം ,ഊഹകച്ചവടം
തുടങ്ങി കാക്കതൊള്ളായിരം കൊള്ളകൊടുക്കുകളില്‍ നിന്നും ഈ ഭൂമിയെ മാറ്റിനിര്‍ത്തണമെന്ന തോന്നലുണ്ടായി.തട്ടിപ്പിലൂടെയും അല്ലാതെയും ആദിവാസികളുടെ ഭൂമി നഷ്ടപെട്ടിണ്ടുണ്ടങ്കില്‍
അത് തിരിച്ചെടുത്തു നല്‍കണമെന്നും,ആദിവാസികളല്ലാത്തവ്ര്‍ ആദിവാസിഭൂമി കൈവശപ്പെടുത്തരുതെന്നും അങ്ങനെ കൈവശപ്പെടുത്തിയവര്‍ക്ക് ആധാരം ചെയ്തുകൊടുക്കെരുതെന്നും
നികുതി സ്വീകരിക്കരുതെന്നും അതവര്‍ക് തിരിച്ചുകൊടുക്കേണ്ടത് ഒരു പരിഷ്ക്രിത ജനാധിപത്യ ഗവണ്‍മ്മെന്റിന്റെ കടമയാണന്നുമുള്ള പ്രത്യശാസ്ത്രാവബോധം കേരളത്തില്‍ ബീജാവാപം ചെയ്തത്
ഈ നിയമത്തിലൂടെയാണ്‌.കേവലമൊരു ഭൂമിവീണ്ടെടൂക്കല്‍ കൈമാറ്റ നിയന്ത്രണ നിയമമെന്നതിലുപരി,നീതി ശാസ്ത്രത്തിന്റെ ദിശാനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞ അപൂവ്വ നിയമത്തെയാണ്‌
അനവധാനതയോടെ യുള്ളോരു നിയമ വ്യാഖ്യാനത്തിലൂടെ കേരളാ ഹൈകോടതിയുടെ എതിര്‍പ്പിനെ മറികടന്ന് സുപ്രീംകോടതി കുഴിച്ചു മൂടാന്‍ തീരുമാനിച്ചത്.

ആദിവാസി ഭൂമി അന്യാധിനപ്പെട്ടതെങ്ങ്നെ..? കെ.കെ.സുരേന്ദ്രന്‍.

കെ.കെ.സുരേന്ദ്രന്‍.
ആദിവാസി ഭൂമിയുമായി ബന്ധപെട്ട ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ടിലേറെ കാലം പഴക്കമുണ്ട്.വയനാട്ടില്‍ ഭൂ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് മൂന്നു വിഭാഗങ്ങളെങ്കിലും ആദിവാസികള്‍ക്കിടയിലുണ്ട്.കിടക്കുന്ന വീടും മുറ്റവുമല്ലാതെ ഒരു തുണ്ടു ഭൂമിസ്വന്തമായില്ലാത്തവര്‍.നാമമാത്രമായ ക്രിഷിഭൂമി കൈയിലുള്ളവര്‍,ഉണ്ടായിരുന്നഭൂമി അന്യാധീനപ്പെട്ടവര്‍.
അന്യാധിനപ്പെട്ട ഭൂമിയില്‍ മുഖ്യ പങ്കും ,കുറിച്യ-കുറുമ വിഭാഗങ്ങളുടേയും മറ്റ് ആദിവാസി വിഭാഗങ്ങളുടേയുമാണ്‌.കാട്ടുനായ്ക്കര്‍,തേന്‍ കുറുമര്‍ എന്നിവര്‍,വയനാട്ടില്‍ കാടിനെ ആശ്രയിച്ചു
കഴിഞ്ഞിരുന്നവരാണ്‌.കാടിനകത്തെ കുടിപാര്‍പ്പുകളില്‍ വന്യജീവികളെപോലെ കാടിനൊരു കോട്ടവും വരുത്താതെ കഴിഞ്ഞു പോന്നു.ഇത്തരം വിഭാഗങ്ങള്‍ വനത്തിനകത്ത് വേറേയുമുണ്ട്.
മണ്‍പാത്ര നിര്‍മ്മാണം ,മുള കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മ്മാണം ,എന്നിവയൊക്കെ ചെയ്യുന്ന ഊരാളിമാരെ പോലുള്ളവരുമുണ്ട്.ജൈനരുടേയും,പിന്നീട് ബ്രിട്ടീഷ് കാരുടേയും ആഗമനാന്തരം
വയനാട്ടിലും മറ്റുപ്രദേശങ്ങളിലും കവാത്തു കാരായി മാറി(കാപ്പി,തേയില എന്നിവയുടെ വര്‍ഷാന്ത കമ്പുവെട്ടല്‍)ഇവര്‍ക്കും സ്വന്തമായി അധികഭൂമിയുള്ളതായി അറിയില്ല.പണിയരേയും,
അടിയരേയും പോലെ കാര്‍ഷിക മേഖലയിലെ അടിമവേലക്കാരും ഭക്ഷണം പെറുക്കി തീനികളുമായിരുന്നു.അവരില്‍ ഭൂരിപക്ഷത്തിനും ഭൂമിയില്ലായിരുന്നു.കുറേപേര്‍ക്ക് ക്രിഷിഭൂമിയുണ്ടായിരുന്നു.
അതൊക്കെ പൂര്‍ണ്ണമായി അന്യാധീനപ്പെട്ടു.അതിലുപരി പണിയ-അടിയ വിഭാഗങ്ങളുടെ കുടിപാര്‍പ്പുകേന്ദ്രങ്ങള്‍ക്കടുത്തായി ശ്മശാനഭൂമിയുമുണ്ടായിരുന്നു.കാളികൂളികളും ആത്മാക്കളും വിളയാടിയിരുന്ന
(ആത്മാവ്-പേ എന്നീ വിശ്വാസം പുലര്‍ത്തിയിരുന്നവരും ധാരാളം മിത്തുകളും,സ്ങ്ക്ല്പങ്ങളുമുള്ളവരാണ്).വിശുദ്ധ വനങ്ങളെന്നു വിളിക്കാവുന്ന പരിസ്ഥിതി സന്തുലിത കേന്ദ്രങ്ങളായിരുന്നു.
ശവസ്ംസ്കാരത്തിനല്ലാതെ ആ പറമ്പുകളില്‍ പോയിരുന്നില്ല.കുടിയേറ്റക്കാര്‍ ഈ ചുടലപറമ്പില്‍ കയറി കപ്പ നടുകമാത്രമല്ല,കള്ളപ്പട്ടയങ്ങളുണ്ടാക്കുകയും ചെയ്തു.അന്യാധീന പ്പെട്ട ആദിവാസി
ഭൂമിയുടെ നാള്‍ വഴി യിലെ ഒരു പേരേട് ഇതാണന്നുപറയാം.
ഇനി കുറുമ-കുറിച്യ രുടെയും സമാനജാതികളായ മറ്റുള്ളവരുടേയും കഥ.ക്രിഷി,കന്നുകാലിവളര്‍ത്ത്ല്‍ ,വിശേഷാവസരത്തിലും മറ്റുമായിചെറിയ,ചെറിയ നായാട്ടുകള്‍ എന്നിവ ഇവരുടെ
പ്രത്യേകതയാണ്‌.കോളനിയോട് ചേര്‍ന്ന് ഫലവ്രിക്ഷങ്ങള്‍ നില്‍ക്കുന്ന കുറച്ച് പുറയിടങ്ങള്‍(കാരണവരുടെ പേരിലുളള കൂട്ടു പട്ടയങ്ങളായിരിക്കും)കന്നുകാലി മേയ്ക്കാന്‍ പറ്റുന്ന പുല്‍മേടുകള്‍
ശ്മശാനം,നെല്ലും ചാമയും വിതക്കാന്‍ പറ്റുന്നവയല്‍ ഇതൊക്കെ കുടിയേറ്റത്തിനു മുമ്പ് കുറുമരും,കുറിച്യരും സ്വന്തമാക്കിയിരുന്നു.പാട്ടത്തിനും,പങ്കിനുമെടുത്തും പുകയിലയും വാറ്റുചാരായവും
കൊടുത്ത് നൂറു പറ്റെഴുതി പറ്റിച്ച് കുടിയേറ്റക്കാരത് സ്വന്തമാക്കി.

Sunday 26 July 2009

ഭൂപരിഷ്ക്കരണം നടന്ന നാട്ടിലെ-ഭൂസമരം

ഭൂപരിഷ്ക്കരണം നടന്ന നാട്ടിലെ-ഭൂസമരം
എന്തുകൊണ്ടാണ്‍ കേരളത്തില്‍ നടന്ന ഭൂപരിഷ്ക്കരണങ്ങളില്‍ ദലിത്-ആദിവാസി ജനസമൂഹങ്ങള്‍ അവഗണിക്കപ്പെട്ടത്?
ക്രിഷിഭൂമി കര്‍ഷകന്-എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ സമരചരിത്രത്തില്‍ കടന്ന കമ്മ്യുണിസ്റ്റുപാര്‍ട്ടി ,അധികാരത്തില്‍ വന്നപ്പോള്‍ ഭൂബന്ധങ്ങളില്‍ സമൂലമായി അഴിച്ചുപണിനടത്തി.1970-ജനുവരി01-ന്‌,ജന്മിത്വം അവസാനിച്ചതായി പ്രഖ്യാപിച്ചു.അതായത് ജ്ന്മിയും കുടിയാനുമായുള്ള നേരിട്ടുള്ള ബന്ധം അവസാനിക്കുകയും ലാന്റ് ടൈബൂണല്‍ വരുകയും ചെയ്തു.അങ്ങനെ 25 ലക്ഷം കുടിയാന്മാര്‍ക്ക്,കുടിയായ്മാവകാശം കിട്ടി.കുടിയാന്മാര്‍ മാത്രമായിരുന്നില്ല,ഭൂമിയുമായി ബന്ധപ്പെട്ടിരുന്നവര്‍.കാര്‍ഷിക-കാര്‍ഷികേതര-കൂലിതോഴിലാളികളായ വലിയൊരു സം ഖ്യ കുടിപാര്‍പ്പുകാരുമുണ്ടായിരുന്നു.ഇതില്‍ എല്ലാജാതി/സമുദായങ്ങളുമുണ്ടായിരുന്നെങ്കിലും ബഹുഭൂരിപക്ഷം ദലിതരായിരുന്നു.1964-ഏപ്രില്‍01-മുതല്‍ പുതിയ കുടികിടപ്പ് അസാധുവാകുമെന്ന്,74-)ം വകുപ്പുവ്യവസ്ഥചെയ്തതിനാല്‍,കുടിപാര്‍പ്പുകാരയ ഇവരെ കര്‍ഷകരെന്ന നിര്‍വചനത്തില്‍ നിന്ന് ബഹിഷ്ക്കരിക്കുകയായിരുന്നു.
1976-വരെ 5ലക്ഷം കുടും ബങ്ങളെകുടിയിരുത്തിയത് ഇപ്രകാരമാണ്:പഞ്ചായത്തില്‍ 10-സെന്റ്,മുനിസിപാലിറ്റിയില്‍05-സെന്റ്,മേജര്‍ മുനിസിപാലിറ്റിയും ,സിറ്റിയിലും 03-സെന്റ്.പിന്നീട് മിച്ചം വന്നവരെ,ആദ്യം ഹരിജന്‍ കോളണികളിലും ,പിന്നീട് ലക്ഷം ​വീട് കോളനികളിലുമായി വിന്യസിച്ചു.വീണ്ടും വന്‍മിച്ചങ്ങളുണ്ടായി അവരാണു തോട്/റോഡ്/റെയില്‍വേ പുറമ്പോക്കില്‍,വികസനത്തിന്റെ പേരില്‍ ഏതുനിമിഷവും ആട്ടിയിറക്കപ്പെടാവുന്നര്‍.
ആധുനിക മുതലാളിത്തം ഭൂമിയാണു വന്‍ മൂലധനമായി കാണുന്നത്.ഭരണകൂട ഒത്താശയോടെ വമ്പന്മാര്‍ കരഭൂമിയും ,ക്രിഷിഭൂമിയും തന്ത്രത്തില്‍ കൈക്കലാക്കുമ്പോള്‍ ,കാര്‍ഷികവ്രിത്തി ജീവതമാര്‍ഗ്ഗമായവരും ,കിടപ്പാടമില്ലാത്തവരും വഴിയാധാരം .
ഭൂപരിഷകരണത്തില്‍ നിന്ന് നാണ്യവിള തോട്ടങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുക വഴി,ചില കൈകളില്‍ ഇന്നും സുരക്ഷിതമായതിന്റെ ചരിത്രം കൂടിയറിയണം .'1824-നാണ്‌ യൂറോപ്പ്യന്മാര്‍ക്ക് തോട്ടങ്ങള്‍ സ്ഥാപിക്കുവാനുള്ള വനഭൂമി പതിച്ചു നല്കിതുടങ്ങിയത്.1864-ല്‍ നടന്ന പാട്ടം പ്രഖ്യാപനം ഭൂമിയെ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാവുന്ന ചരക്കാക്കി മാറ്റി.ഇതാണു വന്‍കിട തോട്ടങ്ങളുടെ ആവിര്‍ഭാവം .സായിപ്പിനൊപ്പം ,തദ്ദേശിയരും തോട്ടം വ്യവസയത്തില്‍ കടന്നുവന്നു.സ്വാതന്ത്രാനന്തരം ,സ്വകാര്യ വ്യക്തികളുടേയും സര്‍ക്കാരിന്റെയും കൈവശമായി.മാത്രമല്ല,റെബര്‍ ബോര്‍ഡ്,കോഫീ ബോര്‍ഡ് രൂപീകരണത്തോടെ ചെറുകിട തോട്ടങ്ങളേയും പ്രോത്സാഹിപ്പിച്ചു.ഫലത്തില്‍ തോട്ടം വ്യവയായം ,കാര്‍ഷികഭൂമിയുടെ 65% ശതമാനമായി.ഭഷ്യോല്പാദനം ഗണ്യയായി കുറഞ്ഞു.ചില സമുദായങ്ങളില്‍ മാത്രം ഭൂമി കേന്ദ്രീകരിച്ചു.1959-ല്‍ കണക്കാക്കിയിരുന്നത്,7,20,000.ഏക്കര്‍ മിച്ചഭൂമി ലഭിക്കുമെന്നായിരുന്നു.1991-ലെ കണക്ക് ഏറ്റെടുത്തത്,93,178. വിതരണം ചെയ്യാനായത്,64,237.ഇതിനര്‍ഥം ഭൂപരിഷ്ക്കരണം തുടങ്ങിയപ്പോള്‍ ഭൂരഹിതരായിരുന്നവര്‍ ,ഇന്നും ഭൂരഹിതരായി തുടരുന്നു.
നമ്മള്‍ തിരിച്ചറിയേണ്ടുന്ന പാഠം 'കേരളത്തില്‍ നടന്ന സാമൂഹ്യ നവോദ്ധാന പ്രസ്ഥാനങ്ങളോക്കെ 'ഭൂമിയിലുള്ള അവകാശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നില്ല.മറിച്ച് സാമൂഹ്യ ബന്ധങ്ങളെ മാറ്റിതീര്‍ക്കുവാനായിരുന്നു.വിദ്ധ്യാഭ്യാസം നേടിയെടുക്കുവാനായിരുന്നു.സാമ്പ്രദായിക തൊഴിലിടങ്ങളെ ഭേദിച്ച്,കൈവേലക്കാരും ,നിര്‍മ്മാണതൊഴിലാളികളും ചെറുകിട കര്‍ഷകരുമുണ്ടായി.ഈ അവസ്ഥ ഉള്‍കൊള്ളാതെ,കമ്മ്യുണിസ്റ്റു പാര്‍ട്ടി,കര്‍ഷകതൊഴിലാളിയെന്ന ഏകത്തില്‍ ഊന്നുകയും ,മിച്ചഭൂമി,കൂലികൂടുതല്‍,ജോലിസമയം കുറയ്ക്കല്‍.കര്‍ഷകതൊഴിലാളി പെന്‍ഷന്‍,എന്നീ മുദ്രാവാക്യത്തില്‍ കുടും ങ്ങുകയും ചെയ്തു.പരിമിതമായ ഈ അവകാശങ്ങള്‍ പോലും നേടിയെടുക്കാന്‍ ഒട്ടേറെ രക്തം ചീന്തേണ്ടിവന്നു.അറുപതുകളില്‍ സവര്‍ണ്ണ ക്രൈസ്തവ-നായര്‍ കൂട്ടുകെട്ട് കേരളാകോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി രൂപികരിച്ച്,ദലിതു കള്‍ക്കുനേരേ എണ്ണമറ്റ ആക്രമണങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്കാനുള്ള നിയമം രാഷ്ട്രീയക്കാര്‍ അട്ടിമറിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്.
കേരളത്തെ സം ബന്ധിച്ചടത്തോളം ഭൂപരിഷകരണം പൂര്‍ത്തിയാക്കേണ്ടത് ഭൂമിയുള്‍പ്പെടെയുള്ള മിഴുവന്‍ സാമ്പത്തികോദ്പദനത്തിലുമൂന്നിയാണ്‌.മുത്തങ്ങ മുതല്‍ ചെങ്ങറവരെ ഈ പാഠമാണ്‍ മുന്നോട്ടുവെക്കുന്നത്.